തിരുവനന്തപുരം : വിവിധയിടങ്ങളില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ വിലക്കെടുക്കാതിരുന്നാല്‍ ശബരിമലയിലെ അനുഭവം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കെ റെയിലിന് ഉടന്‍ കേന്ദ്ര അനുമതി ലഭക്കുമെന്ന തരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ ഭാഷയിലാണ്. ഒരു മുഖ്യമന്ത്രി കാര്യങ്ങള്‍ നേടാന്‍ ഭീഷണിയുടെ രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ എംപിക്ക് നേരെയും സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശശി തരൂര്‍ ചരടുവലിക്കുന്നത് എല്‍ഡിഎഫ് പാളയത്തില്‍ ചേക്കേറാനെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശശി തരൂര്‍ നീങ്ങുന്നത് ഇടതുപക്ഷത്തേക്കാണെന്ന് എല്ലാവര്‍ക്കും അറിയാം.
ശശി തരൂരിനെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ക്ഷണിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തിരുവനന്തപുരത്തുനിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇനി ജയിക്കില്ലെന്ന് തരൂരിന് നന്നായി അറിയാമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കാള വാലു പൊക്കുന്നത് എന്തിനാണെന്ന് മനസിലാകുമെന്നും അദ്ദേഹം ആക്ഷേപിച്ചു. സിപിഐഎം സെമിനാറില്‍ പങ്കെടുത്തെങ്കില്‍ ബിജെപി വിരുദ്ധ കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിച്ചേനെയെന്ന് ഇന്നലെ ശശി തരൂര്‍ പ്രസ്താവിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സുരേന്ദ്രന്റെ ആക്ഷേപം. സിപിഐഎം ദേശീയ സമ്മേളനത്തിനാണ് തരൂരിനെ ക്ഷണിച്ചത്. ശശി തരൂര്‍ എംപിക്ക് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കില്‍ ശശി തരൂര്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചത്.