തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
‘സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. സമരം ചെയ്താല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. സമരക്കാരെ ഞങ്ങള്‍ കുരുതികൊടുക്കില്ല. ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാണ്.- പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയോട് സിപിഐക്കും ഇടത് സഹയാത്രികര്‍ക്കും എതിര്‍പ്പാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നത്. ഡിപിആറിലെ വസ്തുതാപരമായ തെറ്റുകള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ആവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം കടുപ്പിക്കുകയാണ്. കോട്ടയം കളക്ട്രേറ്റില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം നടത്തി. കളക്ട്രേറ്റ് ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. മലപ്പുറം തിരുനാവായിലും കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.