കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. തിങ്കളാഴ്ചയാണു ചോദ്യംചെയ്യൽ. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. എന്നാൽ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാകും ചോദ്യം ചെയ്യുക.
കേസിൽ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതുമുൻനിർത്തി കേസിൽ തുരന്വേഷണം നടക്കുന്നുണ്ട്. തുടരന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തേ ഉന്നയിച്ചിരുന്നു. ദൃശ്യങ്ങൾ കാണാൻ തന്നെ ദിലീപ് ക്ഷണിച്ചെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ രഹസ്യമൊഴിയായി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിട്ടുണ്ട്. മാത്രമല്ല, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതിലും അന്വേഷണം നടത്തിയിരുന്നു.