കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി. ഇതിന്‍റെ ഭാഗമായി ജില്ലിയില്‍ കൺട്രോൾ റൂമും11 അംഗ കരുതൽ പടയും കോഴിക്കോട് ഡിസിസിയുടെ കീഴിൽ സജ്ജമാക്കി. സര്‍വ്വേ ഉദ്യോഗസ്ഥരെ പ്രതിരോധിക്കാനാണ് കരുതല്‍ പട. കെ റെയിലുമായി ബന്ധപ്പെട്ട പ്രശ്നം അനുഭവിക്കുന്നവർക്ക് 24 മണിക്കൂറും ബന്ധപ്പെടാം. കല്ലിടൽ, സർവേ എന്നിവയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ പ്രതിരോധിക്കാൻ കരുതൽ പട മുന്നിൽ ഉണ്ടാകുമെന്ന് ഡിസിസി അറിയിച്ചു.
സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ സമരം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. കോട്ടയത്തും എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റ് വളപ്പിൽ കെ റെയിൽ പ്രതിഷേധ കല്ല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. പൊലീസ് പ്രതിരോധം മറികടന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പൊലീസ് നിശ്ചയിച്ച വഴിമാറി പലവഴികളിലൂടെ ചെറുസംഘങ്ങളായി എത്തിയാണ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കടന്നത്. കളക്ടറേറ്റ് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ചെറിയ തോതിൽ ലാത്തി വീശി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധ പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
സിൽവർ ലൈന്‍ കല്ലിടലിനെതിരെ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി കല്ലിട്ട് പ്രതിഷേധിച്ചു. ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ മാര്‍ച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഗേറ്റിന് മുന്നിൽ പ്രതീകാത്മകമായി കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
അതേസമയം എറണാകുളം ചോറ്റാനിക്കരയിൽ ഇന്ന് കെ റെയിൽ സർവേ നടത്തിയില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നത്തെ സർവേ കെ റെയിൽ ഉദ്യോഗസ്ഥർ റദ്ദാക്കുകയായിരുന്നു. കെ റെയിൽ സംഘമെത്തുമെന്ന് കരുതി സംഘടിച്ച നാട്ടുകാർ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കെ റെയിൽ കുറ്റി പിഴുത് മാറ്റുന്നവർക്ക് നിയമസഹായം നൽകുമെന്ന് യോഗത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രതിഷേധ സമരത്തിന് കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും കോൺഗ്രസ് പ്രവർത്തകരെ കൊന്നിട്ടേ പദ്ധതി നടപ്പാക്കാനാകൂ എന്നും ഷിയാസ് വ്യക്തമാക്കി.