ദുബൈ: ദുബൈ വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഒരെണ്ണം 45 ദിവസം അടച്ചിടും. മെയ് ഒമ്പത് മുതൽ ജൂൺ 22 വരെയാണ് നവീകരണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്. ഇതോടെ ചില സർവിസുകൾ ജബൽ അലിയിലെ ദുബൈ വേൾഡ് സെൻട്രലിലേക്ക് (അൽ മക്തൂം എയർപോർട്ട്) മാറ്റും. ഇതനുസരിച്ച് വിമാനങ്ങളുടെ സർവിസ് സമയങ്ങളിൽ മാറ്റം വരും.
വിമാനത്താവളത്തിലെ നോർത്തേൺ റൺവെയാണ് നവീകരിക്കുന്നത്. 2014ലാണ് ഇതിന് മുമ്പ് ഇത്രയും വലിയ നവീകരണം നടത്തിയത്. 2019ൽ സതേൺ റൺവേയും നവീകരിച്ചിരുന്നു. അതേസമയം, വേൾഡ് സെൻട്രലിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ വിമാനത്താവളത്തിലെയും വേൾഡ് സെൻട്രലിലെയും എല്ലാ ടെർമിനലിലേക്കും 30 മിനിറ്റ് ഇടവിട്ട് ബസ് സർവിസ് നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ സെൻട്രലിൽനിന്ന് 34 വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുമെന്ന് ഫ്ലൈ ദുബൈ വ്യക്തമാക്കി.