തിരുവനന്തപുരം : സിൽവർ ലൈനിൽ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുമെടുത്തിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.
ജനകീയ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് ഇന്നും സിൽവർ ലൈൻ അതിരടയാള കല്ലിടൽ ഉണ്ടാകില്ല. കല്ലായി പ്രദേശത്തെ നടപടികളാണ് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞദിവസം താൽക്കാലികമായി അവസാനിപ്പിച്ചത്. വിവരശേഖരണവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് നടക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കെ റയലിന് എതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി 11 അംഗ കരുതൽ പടയും കൺട്രോൾ റൂമും ഡിസിസി രൂപീകരിച്ചു. ബിജെപിയുടെ പ്രതിഷേധ പദയാത്ര ജില്ലയിൽ തുടരുകയാണ്.
കോട്ടയം ജില്ലയിൽ കെ റെയിൽ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്ന് വാകത്താനം മേഖലയിൽ കല്ലിടാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് സൂചന. ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നാണ് സമര സമിതി അറിയിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗവും സമരം കൂടുതൽ പ്രവർത്തകരെ അണിനിരത്തി ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കല്ലിടൽ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും കൂടുകയാണ്. നട്ടാശ്ശേരി കുഴിയാലപ്പടിയിൽ കഴിഞ്ഞ രണ്ട് ദിവസമായി കല്ലിടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ പ്രതിരോധത്തിൽ പിൻവാങ്ങേണ്ടി വന്നിരുന്നു. കൂടുതൽ പോലീസിനെ വിന്യസിച്ച് നടപടി പൂർത്തിയാക്കാനാണ് നീക്കമെന്നാണ് സൂചന