തിരുവനന്തപുരം : ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് ഇഷ്ട ചിത്രങ്ങൾക്ക് വോട്ട് ചെയ്യാം. അനറ്റോളിയൻ ലെപ്പേർഡ്, കമീലിയ കംസ് ഔട്ട് റ്റു നൈറ്റ്, ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, ക്ലാര സോള, കോസ്റ്റ ബ്രാവ, ലെബനൻ, ഐ ആം നോട്ട് ദി റിവർ ഝലം, ലെറ്റ് ഇറ്റ് ബി മോർണിംഗ്, മുറിന, കൂഴങ്കൽ, സുഖ്റ ആൻഡ് ഹെർ സൺസ്, യൂ റിസെമ്പിൾ മീ, യുനി, ഒപ്പം മലയാള ചിത്രങ്ങളായ നിഷിദ്ധോ, ആവാസവ്യൂഹം എന്നിവയും മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എസ്എംഎസ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കണം. ഇത് പത്തൊൻപതാം വർഷമാണ് വോട്ടെടുപ്പിലൂടെയുള്ള പ്രേക്ഷക പുരസ്കാരം ഏർപ്പെടുത്തുന്നത്. പങ്കാളിത്തം കൊണ്ടും ഇടപെടൽ കൊണ്ടും പ്രേക്ഷകർ നെടുനായകത്വം വഹിക്കുന്ന ചലച്ചിത്ര മേളയാണ് IFFK.