റഷ്യ : യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്‍പ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവസാന ആയുധമായി മാത്രം ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ക്രെലിന്‍ വക്താവ് സൂചിപ്പിച്ചിരിക്കുന്നത്.
അതേസമയം യുക്രൈനിലെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സേന ശക്തമായ ആക്രമണം തുടരുകയാണ്. കിഴക്കന്‍ യുക്രൈനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ 62 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന റഷ്യന്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുദ്ധം തുടങ്ങി ഇതുവരെ ഹര്‍ക്കീവില്‍ മാത്രം 1000 കെട്ടിടങ്ങളാണ് നിലം പൊത്തിയത്.