ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച ഇന്ത്യന്‍ നിലപാട് ഈ സംഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി ആവർത്തിച്ചു. പുതിയ ലോക ക്രമത്തില്‍, അന്താരാഷ്ട്ര മര്യാദകളും പ്രദേശിക നിയമങ്ങളും അനുസരിച്ച് ഒരോ രാജ്യത്തിന്‍റെയും പരമാധികാരത്തെ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട് എന്ന് പ്രധാനമന്ത്രി മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.
ഇരു നേതാക്കളും വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, പ്രതിരോധം, സുരക്ഷ, എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സാധ്യതകൾ ചര്‍ച്ച ചെയ്തു. ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചർച്ചകളിലെ അനുകൂലമായ മുന്നേറ്റത്തിൽ പ്രധാനമന്ത്രി മോദി സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇരു നേതാക്കളും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ അംഗീകരിച്ച ‘ഇന്ത്യ-യുകെ റോഡ്‌മാപ്പ് 2030’ നടപ്പിലാക്കുന്നതിലെ പുരോഗതിയെയും അദ്ദേഹം അഭിനന്ദിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺസണെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിക്കാനും പ്രധാമമന്ത്രി മോദി സമയം കണ്ടെത്തിയെന്നാണ് പിഎം ഓഫീസ് പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നത്.