തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന വൈകുന്നതിൽ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം നാളെ മുതൽ. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
സ്വകാര്യ ബസുടമകളുടെ സംഘടനകൾ 24 മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ബസുകളും സർവീസ് നടത്താൻ സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വോഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാർക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാനും നിർദേശം നൽകി.
യൂണിറ്റ് അധികാരികൾ യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിനും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ മേഖലാ എക്സിക്യൂട്ടിവ് ഡയറക്ടർമാരെയും ചുമതലപ്പെടുത്തി. ക്രമസമാധാന പ്രശ്നമുണ്ടായാൽ പൊലീസ് സഹായം തേടാനും സിഎംഡി നിർദേശിച്ചു.