ചെന്നൈ : തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്ന് പുലർച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. അതിനിടെ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബോട്ടിൽ തമിഴ്നാട് തീരത്തെത്തിയവരെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങളടക്കം 16 അഭയാർത്ഥികളാണ് ധനുഷ്കോടി, രാമേശ്വരം തീരത്തെത്തിയത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ നിന്നും വരും ദിവസങ്ങളിൽ 2000 അഭയാർത്ഥികളെങ്കിലും ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്. 8 കുട്ടികളടക്കം 16 ശ്രീലങ്കൻ അഭയാർത്ഥികളാണ് രണ്ട് ദിവസത്തിനിടെ രണ്ട് സംഘങ്ങളിലായി തെക്കൻ തമിഴ്നാട് തീരത്തെത്തിയത്.
ജാഫ്ന, മാന്നാർ മേഖലയിൽ നിന്നുള്ള തമിഴ്വംശജരാണ് എല്ലാവരും. നാലു മാസം പ്രായമുള്ള കുഞ്ഞടക്കം ആദ്യ സംഘത്തിലുണ്ടായിരുന്നു. വിശന്നും ദാഹിച്ചും അവശനിലയിലായിരുന്നു മിക്കവരും തീരത്തെത്തിയത്. രാമേശ്വരം ധനുഷ്കോടിക്കടുത്തുനിന്നും ആദ്യസംഘത്തെ തീരസംരക്ഷണസേന കണ്ടെത്തി. യന്ത്രത്തകരാറിനെത്തുടർന്ന് കേടായ ബോട്ടിൽ കടലിലലഞ്ഞ രണ്ടാം സംഘത്തെ രാത്രി വൈകി പാമ്പൻ പാലത്തിന് സമീപത്തുനിന്ന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഒരാൾക്ക് പതിനയ്യായിരം രൂപ വരെ ഈടാക്കിയാണ് അനധികൃത കടത്ത്. പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകിയ ശേഷം രാമേശ്വരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അഭയാർത്ഥികളെ മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.