വടകര: തീപിടിത്ത വിവരമറിഞ്ഞ് വടകര താലൂക്ക് ഓഫീസിലെത്തിയ നാദാപുരം എംഎൽഎ ഇ കെ വിജയൻ കുഴഞ്ഞുവീണു. കുഴഞ്ഞുവീണ എംഎൽഎയെ അഗ്നിശമനസേനാംഗങ്ങൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇ.കെ വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ രാവിലെ വടകരയിലെത്തിയ ഇ.കെ വിജയൻ തീപിടിത്ത വിവരം അറിഞ്ഞാണ് താലൂക്ക് ഓഫീസിലെത്തിയത്. യാത്ര ചെയ്തെത്തിയ എം.എൽ.എ രാവിലെ ഭക്ഷണം കഴിച്ചിരുന്നില്ല.
ഓഫീസ് പരിസരത്ത് ഏറെ നേരെ ചെലവഴിച്ച എം.എൽ.എ കുഴഞ്ഞു വീഴുകയായിരുന്നു.
തീപിടിത്ത വിവരമറിഞ്ഞ് വടകര എം.എൽ.എ കെ.കെ രമ രാവിലെ താലൂക്ക് ഓഫീസ് സന്ദർശിച്ചിരുന്നു. പുലർച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തുള്ള താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുക്കാൽ ഭാഗവും ഓഫീസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല. താലൂക്ക് ഓഫീസിൽ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കോടതി കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.