തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങൾ കുറയ്‌ക്കാനായി ജനകീയ യജ്ഞത്തിന് തുടക്കമിടുമെന്നും അവർ പറഞ്ഞു.
2015നെ അപേക്ഷിച്ച് ക്ഷയരോഗികളുടെ എണ്ണം 40 ശതമാനം കുറയ്‌ക്കാനായി. കഴിഞ്ഞ വർഷം മാത്രം 15 ശതമാനം കുറവുണ്ടായി. 2025 ആകുമ്പോഴേക്ക് ക്ഷയരോഗം പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം. മലേറിയപോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും നടപടിയുണ്ടാകും. ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഇത്തരം രോഗനിർമാർജനത്തിന് പ്രധാന പരിഗണന നൽകും.ജീവിത ശൈലീ രോഗങ്ങൾ കുറയ്‌ക്കാൻ ജനകീയ യജ്ഞം സംഘടിപ്പിക്കും. പൈലറ്റ് പദ്ധതിയായി 140 മണ്ഡലത്തിലെയും ഓരോ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കും. എല്ലാ വീട്ടിലും ആരോഗ്യപ്രവർത്തകരെത്തി പരിശോധന നടത്തും. അഞ്ച് വർഷത്തിനുള്ളിൽ ജീവിത ശൈലീ രോഗങ്ങളെ പിടിച്ചുകെട്ടും. പുലയനാർകോട്ടയിലെ ചെസ്റ്റ് ഡിസീസ് ആശുപത്രി സ്റ്റേറ്റ് ചെസ്റ്റ് സെന്ററായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ മുഖ്യാഥിതിയായി. സംസ്ഥാന ടിബി ഓഫീസർ ഡോ. എം സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷയരോഗ അതിജീവിത ഡോ. പൂജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടിബി സ്റ്റാമ്പിന്റെ ആദ്യവിൽപ്പന ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ദേശീയാരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, ഡോ. ഹരികുമാർ, ഡോ. ജി എസ് വിജയകൃഷ്‌ണൻ, ഡോ. സാമുവേൽ കോശി, ഡോ. വി ആർ രാജു , ഡോ. ജോസ് ജി ഡിക്രൂസ് എന്നിവർ സംസാരിച്ചു. ക്ഷയരോഗ അണുബാധ പരിശോധന നടത്തിയ പൊതുമേഖലാ ലാബുകളെയും ലാബ് ടെക്‌നീഷ്യന്മാരെയും അനുമോദിച്ചു.