തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ അഖിലേന്ത്യാ പണിമുടക്ക് 28ന് രാവിലെ 6ന് ആരംഭിച്ച് 30ന് രാവിലെ 6 വരെ ആയിരിക്കുമെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. ഇരുപതോളം തൊഴിലാളി സംഘടനകളാണു നേതൃത്വം നൽകുന്നത്. മോട്ടർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതോടെ വാഹനങ്ങൾ ഓടില്ലെന്നു നേതാക്കൾ അറിയിച്ചു. ആശുപത്രി, ആംബുലൻസുകൾ, പത്രം, പാൽ, എയർപോർട്ട്, ഫയർ ആൻഡ് റെസ്ക്യൂ പോലെ അവശ്യ സർവീസുകൾ ഓടും. സ്വകാര്യ വാഹനങ്ങളും റോഡിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥനയുണ്ട്.
വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കട-കമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുമെന്നു നേതാക്കൾ പറഞ്ഞു. യാത്ര ഒഴിവാക്കുക, കടകൾ അടയ്ക്കുക, പണിമുടക്കുക എന്ന സന്ദേശം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കടകളിലും എത്തിച്ചതായും നേതാക്കൾ പറഞ്ഞു.
കർഷക സംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കേന്ദ്ര-സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരെല്ലാം പണിമുടക്കിൽ പങ്കു ചേരുമെന്നും വ്യോമയാന മേഖലയിലെ തൊഴിലാളികളുടെയും റെയിൽവേ തൊഴിലാളികളുടെയും സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. ബിഎംഎസ് പങ്കെടുക്കില്ല.