പലേർമോ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീന നാളെ ഇറങ്ങും. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വേലയാണ് അർജന്‍റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. സൂപ്പർതാരം ലിയോണൽ മെസിയും ടീമിലുണ്ട്. കൊവിഡ് ബാധിതനായ ലൗട്ടറ്റോ മാർട്ടിനസിന് മത്സരം നഷ്‌ടമാകും. അഞ്ച് യുവതാരങ്ങളെ ലിയോണൽ സ്‌കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിന് പിന്നിൽ രണ്ടാമതുള്ള അർജന്‍റീന നേരത്തെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. തുടരെ 29 മത്സരങ്ങളിൽ അപരാജിതരായി മുന്നേറുകയാണ് അർജന്‍റീന. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ചിലെയെ ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചു. നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറിനെ അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്. സൂപ്പര്‍താരം നെയ്‌മര്‍, വിനീഷ്യസ് ജൂനിയര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് കാനറികളുടെ സ്‌കോറര്‍മാര്‍.
44-ാം മിനുറ്റില്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറിടൈമില്‍(45+1) ലീഡ് രണ്ടാക്കിയുയര്‍ത്തി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇഞ്ചുറിടൈമില്‍(90+1) റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം.
അതേസമയം യൂറോ ചാമ്പ്യൻമാരായ ഇറ്റലി ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായി. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറിടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് മുൻ ചാമ്പ്യൻമാർക്ക് പുറത്തേക്കുള്ള വഴി തുറന്നത്. തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച പോർച്ചുഗൽ ഖത്തറിലേക്ക് ഒരു ചുവടുകൂടി വച്ചു. ചൊവ്വാഴ്ച വിധി നിർണയ പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയാണ് പറങ്കികളുടെ എതിരാളികള്‍.