അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീണ്ടും ഗുരുതര പിഴവെന്ന് പരാതി. ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.
നാസറിന്റെ മരുമകൾ സിയാനയെ കഴിഞ്ഞ 21 നാണ് പ്രസവസംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ സിയാനയെ ലേബർമുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. പുലർച്ചെ സിയാനക്ക് മരുന്ന് കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.
മറ്റൊരു സ്ത്രീയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരുന്നുമാറി നൽകിയവിവരം ആദ്യം ആശുപത്രി അധികൃതർ മറച്ച് വെച്ചെങ്കിലും പിന്നീട് ഇക്കാര്യം പറഞ്ഞെന്ന് ബന്ധുക്കൾ വിശദീകരിച്ചു. ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കക്ക് വകയില്ലെന്നും അധികൃതർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ഉച്ചയോടെയാണ് സിയാനയുടെ നിലയിൽ മാറ്റംവന്നത്.
നേരത്തെയും ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും ഗുരുതരപിഴവുകൾ സംഭവിച്ചിട്ടുണ്ട്. കൊവിഡ് അത്യാസന്ന വിഭാഗത്തിൽ മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയതും ചികിത്സയിൽ കഴിയുന്ന ആൾ മരിച്ചതായ തെറ്റായവിവരം ബന്ധുക്കൾക്ക് നൽകിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൂടാതെ മരിച്ചയാളുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയും ഉയർന്നിരുന്നു. ജീവനക്കാരിൽ നിന്നും പിഴവുണ്ടായത് സംബന്ധിച്ച് വകുപ്പ്തല അന്വക്ഷണം നടത്തി പുതിയ സൂപ്രണ്ട് ചുമതല ഏൽപ്പിച്ചെങ്കിലും ജീവനക്കാരിൽ നിന്നുള്ള പിഴവുകൾ തുടർന്നുപോരുകയാണ്.