മോഹാലി : ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റത്തിനുള്ള തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. എംഎല്‍എമാരുടെ പെന്‍ഷന്‍ രീതി പൂര്‍ണ്ണമായും പുതിയ രീതിയിലേക്ക് മാറ്റി വന്‍തോതില്‍ പണം ലഭിക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍റെ തീരുമാനം. ഇത് പ്രകാരം എംഎല്‍എമാര്‍ക്ക് ഒരു ടേം പെന്‍ഷന്‍ മാത്രമാണ് ഇനി നല്‍കുക. നിലവില്‍ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറയുന്നത്. മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ വാങ്ങുന്നവരാണ് പല മുന്‍കാല എംഎല്‍എമാരും.
പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എംഎല്‍എ ആയാലും ഈ തുക മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്ന രാഷ്ട്രീയക്കാര്‍ പഞ്ചാബിലുണ്ട്. ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം നേരത്തെ പഞ്ചാബില്‍ ഉന്നയിച്ച പാര്‍ട്ടിയാണ് ആംആദ്മി. പ്രതിപക്ഷത്ത് നിന്നും ഉയര്‍ത്തിയ മുദ്രവാക്യം ഭരണപക്ഷത്ത് എത്തിയപ്പോള്‍ നടപ്പിലാക്കി കരുത്ത് കാട്ടുകയാണ് ആംആദ്മി പാര്‍ട്ടി.