യുക്രൈന്‍ : യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന അവകാശവാദവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയായി. ഇതോടെ യുക്രൈന്റെ കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നും റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതും ആദ്യഘട്ട ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുകയെന്നതായിരുന്നു. അതു പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയിയുടെ നേതൃത്വത്തില്‍ നടന്ന ബ്രീഫിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന്‍ സായുധ സേനയുടെ യുദ്ധശേഷി ഗണ്യമായി കുറഞ്ഞു. കിഴക്കന്‍ യുക്രൈനിലെ വിമതമേഖലയായ ഡോണ്‍ബാസിനെ സ്വതന്ത്രമാക്കുന്നതിനായുള്ള നീക്കങ്ങള്‍ക്കാകും ഇനി പ്രാധാന്യം നല്‍കുകയെന്നും റഷ്യന്‍ സൈന്യ കേന്ദ്രങ്ങള്‍ അറിയിക്കുന്നു.
കിഴക്കന്‍ യുക്രൈനിലെ വിമതമേഖലയായ ഡോണ്‍ബാസിന്റെ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും നേരത്തെ അറിയിച്ചു. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുട്ടിന്‍ നേരിട്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. 2014ല്‍ ക്രൈമിയ പിടിച്ചെടുത്തതും അംഗീകരിക്കണം. ഇരു വിഷയങ്ങളിലും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നേരിട്ടു ചര്‍ച്ച വേണമെന്നും പുട്ടിന്‍ വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ റഷ്യന്‍ ആക്രമണം തുടരുമ്പോള്‍, മെയ് 9നകം യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മെയ് 9നകം യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടതായി യുക്രൈനിലെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫില്‍ നിന്നുള്ള രഹസ്യാന്വേഷണ സ്രോതസുകളെ ഉദ്ധരിച്ച് കിയവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മേയ് 9. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, മോസ്‌കോ തങ്ങളുടെ ലക്ഷക്കണക്കിന് പൗരന്‍മാരെ റഷ്യയിലേക്ക് ബലമായി കൊണ്ടുപോയെന്ന് യുക്രൈന്‍ ആരോപിച്ചു. അവരില്‍ ചിലരെ ബന്ദികളാക്കി കിയവിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉദ്ദേശ്യമെന്നും യുക്രൈന്‍ ചൂണ്ടിക്കാട്ടി. 84,000 കുട്ടികള്‍ ഉള്‍പ്പെടെ 402,000 പേരെ നിര്‍ബന്ധമായി റഷ്യ പിടിച്ചുകൊണ്ടുപോയെന്ന് യുക്രൈന്‍ ഓംബുഡ്സ്പേഴ്സണ്‍ ല്യൂഡ്മൈല ഡെനിസോവ പറഞ്ഞു. എന്നാല്‍ റഷ്യയും സമാനമായ കണക്കുകള്‍ നിരത്തിയെങ്കിലും ഇവരെല്ലാം തങ്ങളുടെ രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.