തിക്കോടി: യുവതിയെ കുത്തിപ്പരിക്കേൽപിച്ച് പെട്രാൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ കൊലയാളിയായ നന്ദകുമാർ ആർ.എസ്.എസ് പ്രവർത്തകൻ ആണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. കൊല്ലപ്പെട്ട കൃഷ്ണപ്രിയക്ക് ഇയാളിൽനിന്നും വധഭീഷണിയുണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ മൊഴിയിൽ പറയുന്നു. പ്രതി നന്ദു നേരത്തെയും കൃഷ്ണപ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. പഞ്ചായത്തിൽ ജോലിക്ക് പോവുന്നത് നന്ദുവിന് ഇഷ്ടമില്ലായിരുന്നു. ഇതാണ് കൊലക്ക് കാരണമായത്.
നന്ദു ആർഎസ്എസ് പ്രവർത്തകനാണെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ പറഞ്ഞു. തിക്കോടി കാട്ടുവയൽ മനോജന്‍റെ മകളാണ് കൃഷ്ണപ്രിയ. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ ഇന്നലെ രാവിലെ ഓഫീസിൽ ജോലിക്കെത്തിയപ്പോൾ അവിടെ കാത്തിരുന്ന നന്ദകുമാർ കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിന് ശേഷം നന്ദ കുമാറും സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ഇന്നലെ തന്നെ മരിച്ചു. നന്ദകുമാർ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കൃഷ്ണപ്രിയയും നന്ദകുമാറും സൗഹൃദത്തിലായിരുന്നു. പിന്നീട് നന്ദകുമാറിന്‍റെ അമിതമായ ഇടപെടലുകൾ മൂലം ഇവർ തമ്മിൽ അകന്നിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗത്തിൽ പ്രൊജക്ട് അസിസ്റ്റന്‍റ് ഒഴിവിൽ താൽക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുമ്പാണ് കൃഷ്ണപ്രിയ ജോലിക്ക് ചേർന്നത്.