കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏപ്രിൽ 12 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 133 യൂനിറ്റ് കേന്ദ്ര സേനയെ വിന്യസിക്കും. മാർച്ച് 28ന് സൈന്യം ബംഗാളിലെത്തും. അസൻസോൾ, ബാലിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഏപ്രിൽ 16ന് പ്രഖ്യാപിക്കും.
ഇതിൽ 50 സി.ആർ.പി.എഫ് യൂനിറ്റുകളും ബി.എസ്.എഫിന്റെ 45 യൂനിറ്റുകളും സി.ഐ.എസ്.എഫിന്റെ 10 യൂനിറ്റുകളും ഐ.ടി.ബി.പിയുടെ 13 യൂനിറ്റുകളും എസ്.എസ്.ബിയുടെ 15 യൂനിറ്റുകളും ഉൾപ്പെടുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിവിധ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി പലതവണ ആവശ്യമുന്നയിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ ഈ മാസമാദ്യം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 108 തദ്ദേശ സ്ഥാപനങ്ങളിൽ 102 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ച് കേന്ദ്ര സേനയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് റീപോളിങ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.