തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ വിജ്ഞാപനത്തിലും പിന്നീട് പദ്ധതി കടന്നുപോകാനിരിക്കുന്ന 11 ജില്ലകളിലെ ജില്ലാഭരണകൂടങ്ങള്‍ പുറത്തിറക്കിയ തുടര്‍വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്.
സാമൂഹിക ആഘാത പഠനം നടത്താനാണ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ നടപടികള്‍ സാങ്കേതികം മാത്രമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം സൂചിപ്പിക്കുന്ന വിജ്ഞാപനം സര്‍ക്കാരിന് തന്നെ കുരുക്കാകുകയാണ്. അതിരടയാളക്കല്ല് സ്ഥാപിക്കുന്ന ഭൂമി വില കൊടുത്ത് വാങ്ങാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നുണ്ട്. സര്‍ക്കാര്‍ വിജ്ഞാപനത്തിന് പിന്നാലെ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ തുടര്‍വിജ്ഞാപനം ഇറക്കുകും ചെയ്തു. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിക്കുന്നതാണ് ഈ വിജ്ഞാപനം.