കോഴിക്കോട് : മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം സ്വദേശിയും സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൽ ഗഫൂറിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസില്‍ ഇന്നലെയാണ് അറസ്റ്റ് നടന്നത്. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് മോറിസ് കോയിൻ കേസ്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. അബ്ദുൽ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടി രൂപയുടെ കൈമാറ്റം നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവിധ ജില്ലകളിൽ 900 നിക്ഷേപകരിൽ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്.
ഒളിവിൽ തുടരുന്ന മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കിൽ ആണ് കേസിലെ പ്രധാന പ്രതി. ഇയാളുടെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച പണംകൊണ്ട് വാങ്ങിയ 25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും, ബിറ്റ്കോയിൻ അടക്കമുള്ള 7 ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി കണ്ടുകെട്ടിയത്.
കഴിഞ്ഞ ജനുവരിയിൽ കേസുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദന്‍റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ അൻസാരി നെക്സ്ടെൽ, ട്രാവന്‍കൂർ ബില്‍ഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധന നടന്നിരുന്നു. രാജ്യവ്യാപകമായി 1200 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെയാണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എളുപ്പത്തിൽ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ച് കാസർകോട് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്. ബെംഗളൂരു ആസ്ഥനമാക്കി ലോങ്ങ് റിച്ച് ടെക്നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റു വഴിയാണ് ആയിരത്തിലധികം പേരിൽ നിന്നായി പണം തട്ടിയത്. രണ്ട് മുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് പണം സമാഹാരിച്ചത്. മോറിസ് കോയിൻ കറൻസിയുടെ പേരിൽ നടന്നത് 1265 കോടിയുടെ തട്ടിപ്പാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണി ചെയ്ൻ മാതൃകയിലായിരുന്നു തട്ടിപ്പ്. കൂടുതൽ പേർ പണം നിക്ഷേപിച്ചതോടെ കിട്ടിയ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. തുടർന്നാണ് തട്ടിപ്പിനിരയായവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.