ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം കാണുന്നത്. 100എംബി ഫയൽ സൈസ് മാത്രമാണ് ഇപ്പോൾ വാട്ട്‌സ് ആപ്പിലൂടെ അയക്കാൻ സാധിക്കുന്നതെങ്കിൽ ഇനി അത് 2ജിബി വരെ ഉയർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അർജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ വേർഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ജി-മെയിലിൽ പോലും 25 എംബി മാത്രമേ അയക്കാൻ സാധിക്കൂവെന്ന വസ്തുത നിലനിൽക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലൻ നീക്കവുമായി വാട്ട്‌സ് ആപ്പ് എത്തുന്നത്. ഏറ്റവും ജനപ്രീതിയുള്ള വാട്ട്‌സ് ആപ്പിന് ശരാശരി രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യൺ ഉപഭോക്താക്കളും മാത്രമാണ് ഉള്ളതെന്ന് പറയുമ്പോൾ തന്നെ വാട്ട്‌സ് ആപ്പിന്റെ ജനപ്രീതി നമുക്ക് മനസിലാക്കാം. അതിൽ തന്നെ ഇന്ത്യൻ ഉപഭോക്താക്കളാണ് മുന്നിട്ട് നിൽക്കുന്നത്. 487 മില്യൺ ഉപഭോക്താക്കളാണ് വാട്ട്‌സ് ആപ്പിന് ഇന്ത്യയിൽ ഉള്ളത്.