ഡല്‍ഹി : സില്‍വര്‍ലൈന്‍ പദ്ധതി നിലവില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിഷയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും. എന്നാല്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലിനില്ല. സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.