സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക. ഉദരപ്രശ്നം മുതല്‍ പ്രമേഹം വരെ പലവിധ പ്രശ്നങ്ങള്‍ക്കുമുള്ള ഔഷധമാണ് വളരെയെളുപ്പം നട്ടു വളര്‍ത്താവുന്ന കറ്റാര്‍വാഴ.
ദിവസവും ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് അമിതവണ്ണം കുറച്ച് ശരീരത്തെ ഫിറ്റാക്കി വയ്ക്കാന്‍ സഹായിക്കുമെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അസ്ര ഖാന്‍ പറയുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് ആന്‍റിഓക്സിഡന്‍റ് സമ്പുഷ്ടമാണ്. ചയാപചയവും ദഹനസംവിധാനവും മെച്ചപ്പെടുത്തുന്ന കറ്റാര്‍വാഴ ജ്യൂസ് വയറ്റില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെയും സഹായിക്കും. പേശീവേദന, സന്ധിവേദന എന്നിവയെ മാറ്റാനും ഇത് ഉപയോഗിക്കാറുണ്ട്. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന കറ്റാര്‍വാഴ ജ്യൂസ് ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയുകയും ചെയ്യും. വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാര്‍ വാഴ ഉത്തമമാണ്. ഇതിന്‍റെ ആന്‍റിബാക്ടീരിയല്‍ ഗുണങ്ങള്‍ വായ ശുചിയാക്കി വയ്ക്കും. മുടികൊഴിച്ചില്‍ തടയാനും മുടിയുടെ കരുത്ത് വര്‍ധിപ്പിക്കാനും കറ്റാര്‍വാഴ ജ്യൂസ് സഹായകമാണ്.
കറ്റാര്‍വാഴ ജ്യൂസ് തയാറാക്കുന്ന വിധം
കറ്റാര്‍ വാഴ തണ്ട് ഫ്രഷായി പൊട്ടിച്ചെടുത്ത് മുറിച്ചെടുക്കുക. കത്തിയോ സ്പൂണോ ഉപയോഗിച്ച് തൊലികളഞ്ഞ് ഉള്ളിലുള്ള ജെല്‍ എടുക്കുക. തൊലിക്ക് കയ്പുള്ളതിനാല്‍ ഇത് കളയാന്‍ ശ്രദ്ധിക്കണം. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂണ്‍ ചെറുനാരങ്ങ നീരും കുറച്ച് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേര്‍ത്ത് ഉപയോഗിക്കാം.