നാടന്‍ മുട്ട എന്നാല്‍ നാടന്‍ കോഴികള്‍ ഇടുന്ന മുട്ടകള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു മുട്ട നാടന്‍ ആണെന്ന് അറിയാനുള്ള മാനദണ്ഡം എന്താണ്? പലരും പറയും നല്ല ബ്രൗണ്‍ മുട്ടകളാണ് തനി നാടന്‍ എന്ന്. 8 രൂപയെങ്കിലും ഒന്നിന് കൊടുത്താലേ നല്ല നാടന്‍ കോഴിമുട്ട വാങ്ങാന്‍ കിട്ടൂ എന്നും.നാഷണല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജനറ്റിക് റിസോഴ്‌സസിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ 19 നാടന്‍ കോഴി ജനുസ്സുകള്‍ അംഗീകാരം നേടിയിട്ടുണ്ട്. അതില്‍ കേരളത്തിന്റെ സ്വന്തം കോഴികളാണ് തലശ്ശേരിക്കോഴികള്‍. വെറ്ററിനറി സര്‍വകലാശാലയില്‍ നടന്ന കേരളത്തിലെ നാടന്‍ കോഴികളുടെ പഠനങ്ങള്‍ പ്രകാരം 50 ശതമാനത്തോളം വരുന്ന നാടന്‍ കോഴികളുടെ മുട്ടകള്‍ക്കും ഇളം തവിട്ടുനിറമാണ്. 25 ശതമാനം മുട്ടകള്‍ മീഡിയം ബ്രൗണ്‍ നിറത്തിലും, 15 ശതമാനത്തോളം മുട്ടകള്‍ക്ക് ഇളം വെള്ള നിറവുമായിരുന്നു. രസകരമായ വസ്തുത എന്തെന്നാല്‍, നല്ല ബ്രൗണ്‍ നിറമുള്ള മുട്ടകളിടുന്ന നാടന്‍ കോഴികള്‍ കേവലം 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അതുകൊണ്ട് മുഴുവന്‍ ബ്രൗണ്‍ മുട്ടകളും നാടന്‍ ആണെന്നുള്ളത് തെറ്റായ വസ്തുതയാണ് നാം മനസിലാക്കണം.
മറ്റൊരു രസകരമായ കാര്യം ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലെ കോഴികളൊക്കെത്തന്നെ ബ്രൗണ്‍ നിറത്തിലുള്ള മുട്ടകള്‍ ഇടുന്നവരാണെന്നുള്ളതാണ്. RIR, Cornish, New Hampshire, പിന്നെ നമുക് പരിചിതമായ ഹൈബ്രിഡ് ക്രോസ്സ് BV 380 എന്നിവയാണ് ബ്രൗണ്‍ മുട്ടകള്‍ ഇടുന്നവരില്‍ ചിലര്‍. പലപ്പോഴും ഇത്തരം മുട്ടകളാണ് നാടന്‍ മുട്ടകള്‍ എന്ന വിളിപ്പേരില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെടുന്നത്. നാടന്‍ മുട്ടയ്ക്ക് ശരാശരി തൂക്കം 45 ഗ്രാം ആയിരിക്കും. എന്നാല്‍ വിദേശ ഇനങ്ങളുടെ തൂക്കം 55 ഗ്രാമിന് മുകളിലാണ്. ബ്രൗണ്‍ മുട്ട ലഭിക്കുന്നത് തോടിനു മുകളിലായി porphyrin എന്ന പിഗ്‌മെന്റ് നിക്ഷേപിക്കപ്പെടുന്നത് മൂലമാണ്. എന്നാല്‍ വെള്ള മുട്ടയുടെയും ബ്രൗണ്‍ മുട്ടയുടെയും ഗുണങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇനി മറ്റൊരു കാര്യം, നാടന്‍ കോഴികളെ സമീകൃത തീറ്റ മാത്രം നല്‍കി കൂട്ടിലിട്ട് പരിപാലിച്ചാല്‍ ലഭിക്കുന്ന മുട്ടയുടെയും അതുപോലെ വളര്‍ത്തുന്ന വിദേശ ഇനത്തിന്റെ മുട്ടയുടെ ഗുണങ്ങള്‍ തമ്മില്‍ വലിയൊരു വ്യതാസത്തിനു സാധ്യത ഇല്ല. അതായത് ജനറ്റിക് ആയി ലഭിക്കുന്ന മേന്മ താരതമന്യേ കുറവാണെന്നു സാരം. അവിടെയാണ് വിദേശങ്ങളിലെ ഫ്രീ റേഞ്ച് കോണ്‍സെപ്റ്റിന്റെ പ്രസക്തി. ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള വിദേശ ഇനം കോഴികളെയും നാടന്‍ രീതിയില്‍ വളര്‍ത്തി അവ തീറ്റ സ്വയം കണ്ടെത്തി ചികഞ്ഞു തിന്നുന്ന രീതിയാണിത്. ഇത്തരത്തിലുള്ള വളര്‍ത്തല്‍ രീതിയിലൂടെ പോഷകഗുണമേറിയ തീറ്റ നല്‍കി, ഗുണമേന്മയുള്ള മുട്ട ഉല്‍പാദിപ്പിക്കാന്‍ കഴിയും. സ്റ്റാള്‍ ഫീഡിങ്ങില്‍ തീറ്റപ്പുല്ലു നല്‍കിയും, ഫിഷ് ഓയില്‍, മറൈന്‍ ആല്‍ഗേ എന്നിവ നല്‍കിയുമൊക്കെ ഇതിനു ബദലായി മൂല്യവര്‍ധിത മുട്ടകള്‍ വിദേശയിനം കോഴികളിലും, BV 380 യിലുമൊക്കെ ഉണ്ടാക്കി എടുക്കാവുന്നതാണ്.