പത്തനംതിട്ട : താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട പൊലീസ് വിശദീകരിച്ചു.
ഈ മാസം 11ന് രാത്രിയാണ് താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന് തീപിടിച്ചത്. പുക ഉയരുന്നതു കണ്ട് നാട്ടുകാരെത്തി തീയണച്ചു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ വീണ്ടും തീപിടിത്തമുണ്ടായി. അഗ്നിശമന സേനയെത്തി രണ്ടു മണിക്കൂറോളം ശ്രമപ്പെട്ട് തീയണച്ചു.
തീ പൂര്‍ണമായും അണച്ച സ്ഥലത്ത് എങ്ങനെ രണ്ടാമതും തീപിടിത്തമുണ്ടാകുമെന്നാണ് സ്ഥാപനയുടമയുടെ ചോദ്യം. സ്ഥാപനയുടമ നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ ചിലരെ ചോദ്യം ചെയ്തു. എന്നാല്‍ കടയ്ക്ക് തീയിട്ടതാണെന്ന് തെളിയിക്കുന്ന ഒരും തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.