തൃശൂർ : ബസ് കാത്തുനിന്ന പെൺകുട്ടിയുടെ കയ്യിൽ നിന്നു തന്ത്രപൂർവം മൊബൈൽ ഫോൺ തട്ടിയെടുത്തു കടന്നുകളഞ്ഞയാളെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി പൊലീസ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുറുപ്പം റോഡിലെ കടയിലെത്തിച്ചു വിൽക്കാനുള്ള ശ്രമിക്കുന്നതിനിടെയാണു മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ വിന്യസിച്ചിരുന്ന പൊലീസ് സേനയൊന്നടങ്കം നടത്തിയ നിരീക്ഷണമാണു മോഷ്ടാവിനു വിനയായത്.
നഗരത്തിലെ കോളജിനു മുന്നിലെ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇങ്ങനെ: ബസ് കാത്തുനിന്ന പെൺകുട്ടിയുടെ അരികിലേക്ക് വന്നയാൾ ഭാര്യയെ അടിയന്തരമായി വിളിക്കാൻ പെൺകുട്ടിയോടു ഫോൺ ആവശ്യപ്പെട്ടു. ഫോൺ വാങ്ങി നമ്പർ ഡയൽ ചെയ്ത ശേഷം കേൾക്കുന്നില്ലെന്ന മട്ടിൽ ഇയാൾ അൽപം മാറിനിൽക്കുകയും മുങ്ങുകയും ചെയ്തു. പെൺകുട്ടി ബസ് സ്റ്റോപ്പിൽ കരഞ്ഞുകൊണ്ടു നിൽക്കുന്നത് ഇതുവഴിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു.
വിവരം പൊലീസ് കൺട്രോൾ റൂമിലെത്തിയതോടെ നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അറിയിപ്പെത്തി. മോഷ്ടാവിന്റെ വസ്ത്രവും രൂപവും അറിയിപ്പിൽ പരാമർശിച്ചിരുന്നു. നഗരം മുഴുവൻ പരിശോധന നടക്കുന്നതിനിടെ കുറുപ്പം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ ഹരിദാസ് വേഷം കണ്ടു മോഷ്ടാവിനെ തിരിച്ചറിഞ്ഞു. സിം കാർഡ് ഊരിമാറ്റിയ ശേഷം ഫോൺ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു മോഷ്ടാവ്. ഫോൺ പിടിച്ചെടുത്തു പെൺകുട്ടിക്കു കൈമാറി.