ബെയ്ജിങ് : കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്. ഏപ്രിൽ ഒന്നു മുതൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗവും ലോക്ഡൗണിലാകും. മാർച്ച് ആദ്യം മുതൽ ഷാങ്ഹായിൽ കോവിഡ് വ്യാപനം ആരംഭിച്ചിരുന്നു. ചൈനയില്‍ സമ്പർക്കം വഴി 4,500 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഷാങ്ഹായില്‍ മുഴുവൻ ലോക്ഡൗൺ ഏർപെടുത്തില്ലെന്ന കാര്യവും അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ സമ്പദ്‍വ്യവസ്ഥയെ ആകെ ബാധിച്ചേക്കാമെന്ന ആശങ്കയുള്ളതിനാലാണു സമ്പൂർണ ലോക്ഡൗണിൽനിന്ന് അധികൃതർ വിട്ടുനിൽക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുമാണു രണ്ടു ഘട്ടമായുള്ള ലോക്ഡൗൺ ഏർപെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യാന്തര വിമാനത്താവളം ഉൾപെടുന്ന പുഡോങ് ജില്ല തിങ്കളാഴ്ച മുതൽ ഏപ്രിൽ ഒന്നുവരെ അടച്ചിടും. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഏപ്രില്‍ അഞ്ചുവരെയാണു ലോക്ഡൗൺ. ലോക്ഡൗൺ സമയത്ത് ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും ഓഫിസുകൾ ‘വർക് ഫ്രം ഹോം’ ആയി പ്രവർത്തിക്കണമെന്നുമാണു നിർദേശം. നിയന്ത്രണങ്ങളുള്ള ദിവസങ്ങളിൽ ബസുകളും ടാക്സികളും സർവീസ് നടത്തില്ല. അതേസമയം വിമാന, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചു പരാമർശിച്ചിട്ടില്ല.