തിരുവനന്തപുരം : മുംബൈ – അഹമ്മദാബാദ് അതിവേഗ ട്രെയിൻ പദ്ധതിക്കെതിരായ സമരത്തിന്റെ മുൻനിര പോരാളികളായി സി.പി.എം. നിലകൊള്ളുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇവിടെ സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. ഇന്ത്യൻ കോർപറേറ്റുകളെയും ജപ്പാനിലെ കോർപറേറ്റുകളെയും കോൺട്രാക്ടിങ് ലോബികളെയും മാത്രമേ ഈ പദ്ധതി സഹായിക്കൂ എന്നും കോർപ്പറേറ്റ് താൽപര്യവും ഭരണകൂട താൽപര്യവും സന്ധിക്കുന്നത് ഇവിടെ വളരെ വ്യക്തമാണെന്നുമാണ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ എഴുതിയിരുന്നത്. ഇത് പൊങ്ങച്ച പദ്ധതിയാണെന്നും ഭരണപരാജയം മറച്ചുവയ്ക്കാൻ വ്യാജ പ്രതാപം കാണിക്കാൻ മാത്രമേ ഇത് ഗുണം ചെയ്യൂവെന്നുമാണ് അതിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇതേ സാഹചര്യങ്ങൾ ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന സിൽവർലൈൻ പദ്ധതിയെ സീതാറാം യെച്ചൂരി പിന്തുണയ്ക്കുന്നത് എന്ത് കാരണം കൊണ്ടാണെന്നും ന്യായ വാദത്തിനു വേണ്ടി അദ്ദേഹം കണ്ടെത്തുന്നതുപോലെ ഇതെങ്ങനെ സംസ്ഥാന വിഷയമാകുമെന്നും അദ്ദേഹം വിശദീകരിക്കണം. സിൽവർ ലൈനെ പിന്തുണച്ച സാഹചര്യത്തിൽ മുംബൈ – അഹമ്മദാബാദ് പദ്ധതിക്കെതിരായ സമരപാതയിൽ നിന്ന് പിന്മാറുമോ എന്നുകൂടി അറിയേണ്ടതുണ്ട്. സാമൂഹ്യ ആഘാതപഠനം എതിരായാലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നുള്ള, പ്രധാനമന്ത്രിയെ കണ്ടശേഷം നടത്തിയ പത്രസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ നിയമവിരുദ്ധവും ധാർഷ്ട്യം നിറഞ്ഞതുമായ പ്രസ്താവനയോടുള്ള പാർട്ടി സെക്രട്ടറിയുടെ പ്രതികരണം അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും പുതുശ്ശേരി പറഞ്ഞു.