വയനാട് : തോട് കയ്യേറി സ്വകാര്യവ്യക്തി അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടും നടപടിയില്ല. വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്താണ് തോട് കൈയ്യേറി പാലം നിർമ്മിക്കുന്നത്. വൈത്തിരി പഞ്ചായത്ത് സെക്രട്ടറി തോട് കൈയ്യേറി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് ഒരു മാസം മുൻപ് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി.
എന്നാൽ പാലം പൊളിച്ച് നീക്കാതെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഇരുമ്പ് കമ്പി ഉപയോഗിച്ച് താത്ക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലായിരുന്നു കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച സ്വകാര്യ വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന അബ്ദുൽ സത്താറും സംഘവുമാണ് പാലം പണിയുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇവർക്കുണ്ട്.