ഹൈദരാബാദ്: പാര്‍ട്ടിയുടെ അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പാക്കി കോണ്‍ഗ്രസ്. തെലങ്കാനയിലാണ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി കോണ്‍ഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണ്. തെലങ്കാനയില്‍ പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്.
സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. തുടര്‍ന്ന് ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി. എട്ട് കോടി രൂപ പ്രീമിയവും അടച്ചു. നേരത്തെ ടിഡിപിയും ടിആര്‍എസും സമാന പദ്ധതി നടപ്പാക്കിയിരുന്നു. ഇന്‍ഷൂറന്‍സ് ലഭിക്കാനായി ആളുകള്‍ പാര്‍ട്ടിയില്‍ ചേരില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങളോട് താല്‍പര്യമുള്ളവര്‍ മാത്രമാണ് അംഗത്വമെടുക്കൂവെന്നും സംസ്ഥാനത്ത് പാര്‍ട്ടി ചുമതലയുള്ള് മാണിക്കം ടാഗോര്‍ പ്രതികരിച്ചു.
അവശ്യഘട്ടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുകയും അവര്‍ക്ക് സംരക്ഷണമൊരുക്കുകയും മാത്രമാണ് പാര്‍ട്ടി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയെങ്കിലും ഇപ്പോള്‍ ആറ് അംഗങ്ങള്‍ മാത്രമാണുള്ളത്. 12 പേര്‍ കൂറുമാറി.