റിയാദ്: ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ 11,067 പലചരക്ക് കടകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ പലചരക്ക് കടകളുടെ എണ്ണം 38,084 ആയി ഉയര്‍ന്നു.
മക്കയിലാണ് ഏറ്റവുമധികം ലൈസന്‍സ് നല്‍കിയത്, 416. റിയാദില്‍ 8404 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 4861 ഉം മദീനയില്‍ 3253 ഉം അസീറില്‍ 2510 ഉം ലൈസന്‍സുകള്‍ നല്‍കി. ഒരു പ്രവിശ്യയില്‍ ഒരു രജിസ്ട്രേഷന്റെ കീഴില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് അനുമതിയുണ്ട്. ബിനാമി ബിസിനസ് പദവി ശരിയാക്കല്‍ പ്രോഗ്രാം വഴി നിരവധി പലചരക്ക് സ്ഥാപനങ്ങളും സെന്‍ട്രല്‍ മാര്‍ക്കറ്റുകളും പദവി ശരിയാക്കി.
സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ പരിഷ്‌കാരങ്ങളും നടപ്പാക്കി. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും നിബന്ധനകളേര്‍പ്പെടുത്തി. 2020 മെയ് മുതല്‍ ഓണ്‍ലൈന്‍ പണമിടപാടിന് പി.ഒ.എസ് മെഷീന്‍ സൗകര്യം നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ഫീല്‍ഡ് സ്റ്റാഫ് നിരന്തര പരിശോധന നടത്തിവരികയാണ്. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി വരുന്നു.