ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ എറണാകുളം ഇടപ്പളളി സ്വദേശി അമല്‍ മുഹമ്മദ് ലേലത്തില്‍ സ്വന്തമാക്കി. 15.10 ലക്ഷം രൂപക്കാണ് അമല്‍ മുഹമ്മദ് വാഹനം ലേലത്തില്‍ സ്വന്തമാക്കിയത്. ഒരാള്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. ബഹ്റൈനിലുള്ള അമല്‍ മുഹമ്മദിന് വേണ്ടി സുഹൃത്ത് സുഭാഷ് പണിക്കരാണ് ലേല നടപടികളില്‍ പങ്കെടുത്തത്. ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗം ലേല നടപടികള്‍ അംഗീകരിച്ച് ദേവസ്വം കമീഷണറുടെ അനുമതിയും വാങ്ങിയ ശേഷമാണ് കാര്‍ കൈമാറുക.
18 ശതമാനമാണ് ജി.എസ്.ടി. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലേല നടപടികളില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ ദാസ്, ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, അഡ്വ. കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലേല നടപടികള്‍. ഈ മാസം നാലിനാണ് ചുവപ്പ് നിറത്തിലുള്ള ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഥാര്‍ വഴിപാടായി ലഭിച്ചത്. വാഹനം ലേലം ചെയ്ത് നല്‍കാന്‍ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.