ലണ്ടന്‍ : പക്ഷിക്കൂട്ടം ഉപേക്ഷിച്ചു പോയ കുഞ്ഞ് തന്‍റെ മുടിയിൽ കൂടുകൂട്ടി 84 ദിവസം കഴിഞ്ഞെന്ന് വ്യക്തമാക്കി യുവതി. ചിത്രങ്ങൾ സഹിതം ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ അറിയിച്ചതോടെ സംഗതി വൈറലായിരിക്കുകയാണ്. ദി ഗാർഡിയന് ഇതേക്കുറിച്ച് അഭിമുഖവും യുവതി നൽകിയിട്ടുണ്ട്.
ഹന്നൻ ബോൺ ടെയ്‍ലർ എന്ന യുവതിയാണ് തന്‍റെ മുടിക്കെട്ടിൽ അരുമയായി വളർന്ന പക്ഷിക്കുഞ്ഞിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 2013ൽ ഹന്നനും കാമുകൻ റോബിനും ലണ്ടനിൽനിന്ന് ഘാനയിലേക്ക് താമസം മാറിയിരുന്നു.
2018ൽ ശക്തമായ കാറ്റിലും മിന്നലിലും വഴിതെറ്റിയാണ് പക്ഷിക്കുഞ്ഞ് എത്തിയതെന്ന് ഹന്ന പറയുന്നു. കൂടെയുള്ള പക്ഷിക്കൂട്ടം അതിനെ ഉപേക്ഷിച്ച് പോയി. ഇതോടെ പക്ഷിക്കുഞ്ഞിനെ പെട്ടിയിലാക്കി പരിചരിക്കുകയും തീറ്റ നൽകുകയും ചെയ്തു. പുറത്ത് സഞ്ചരിക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴുമെല്ലാം പക്ഷിക്കുഞ്ഞ് കൂടെയുണ്ടായിരുന്നു. ആ പക്ഷിക്കുഞ്ഞിന് താൻ അമ്മയായി.പറക്കാൻ പഠിച്ച ശേഷവും അവൾക്കരികിൽ തന്നെ പക്ഷി കഴിഞ്ഞു. അങ്ങിനെയിരിക്കെയാണ് മുടിയിൽ പക്ഷിക്കുഞ്ഞ് കൂട് കെട്ടിയതത്രെ.കൂട് അഴിച്ചാലും പിറ്റേ ദിവസും മുടിയിൽ കൂട് ഉണ്ടാക്കും. ഒടുവിൽ, ഒരു ക്രിസ്മസിന് പക്ഷിക്കുഞ്ഞിനെ ഹന്നൻ പറത്തിവിടുകയായിരുന്നു. ഇപ്പോഴും ആ പക്ഷിക്കുഞ്ഞിനെ ഓർക്കാറുണ്ടെന്ന് ഹന്നൻ പറയുന്നു.