ബഹ്റൈന്‍ : ബഹ്റൈനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യസമിതി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരിക്കേണ്ടതാണ്. വ്യക്തികൾക്ക് ഇംഗിതമനുസരിച്ച് മാസ്ക് ധരിക്കാനും അവകാശമുണ്ട്. ബഹ്‌റൈനിൽ കൊവിഡ് നിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ നടപടികൾ തുടർന്നും പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അധികൃതർ പറഞ്ഞു.