ചീമേനി : ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേറിട്ട സമരവുമായി അശോകൻ പെരിങ്ങാര. ചീമേനിയിലാണ് അശോകൻ പെരിങ്ങാര 48 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ വേറിട്ടരീതിയിൽ നിരവധി തവണ ഒറ്റയാൾ സമരം നടത്തിയിട്ടുള്ളയാളാണ് അശോകൻ. അതേസമയം സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഒന്നാം ദിനം ജില്ലയിൽ ഹർത്താലിനു സമാനം. കാസർകോട് നഗരത്തിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നപ്പോൾ ചുരുക്കം ചില ഹോട്ടലുകൾ മാത്രമാണ് തുറന്നത്. കാസർകോട് നഗരത്തിൽ സമരക്കാർ ഇരുചക്രവാഹനക്കാർ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. സമരക്കാരും വാഹന ഉടമകളും തമ്മിൽ തർക്കമുണ്ടായെങ്കിലും പോലീസെത്തി പ്രശ്നം പരിഹരിച്ചു.
കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപം സമരക്കാർ ഇരുചക്രവാഹനക്കാരന്റെ താക്കോൽ ഊരിയെടുത്ത സംഭവമാണ് കൈയാങ്കളിയിലേക്ക് നീണ്ടത്. പണിമുടക്ക് അനുകൂലികൾ കാഞ്ഞങ്ങാട് നഗരത്തിൽ ചരക്കുലോറികൾ തടഞ്ഞു. കൊച്ചി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കാസർകോടിന് തെക്കോട്ട് പോവുകയായിരുന്ന ചരക്കുലോറികളുമാണ് കോട്ടച്ചേരിയിൽ തടഞ്ഞത്. ഇത് സമരക്കാരും ലോറിത്തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് കാരണമായി.