കാഞ്ഞിരംകുളം : വ്യാജച്ചാരായ വിൽപ്പന കേസിലുൾപ്പെട്ടയാളെ പിടികൂടിയ പോലീസിനുനേരേ അക്രമം. പോലീസിനെ തടഞ്ഞുവെച്ച് പിടികൂടിയ ആളെ രക്ഷപ്പെടുത്തി. സംഭവത്തിൽ കാഞ്ഞിരംകുളം എസ്.ഐ. ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. കരുംകുളം പുതിയതുറയിലാണ് പോലീസിനുനേരേ അക്രമം ഉണ്ടായത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ എസ്.ഐ. സജീർ, വിജയകുമാർ, മധു, ആനന്ദകുമാർ, പോലീസ് ഡ്രൈവർ പ്രവീൺകുമാർ എന്നിവെർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലുവിള പി.പി.വിളാകം പുരയിടത്തിൽ സിറിലി(40)നെ അറസ്റ്റുചെയ്തു.
പോലീസ് പിടികൂടിയ പുതിയതുറ സ്വദേശി യോഹന്നാ(40)നെയാണ് അക്രമികൾ രക്ഷപ്പെടുത്തിയത്. പുതിയതുറ തീരത്ത് വ്യാജച്ചാരായം വിറ്റ സംഭവത്തിൽ യോഹന്നാനെതിരേ നേരത്തെ കാഞ്ഞിരംകുളം പോലീസ് കേസെടുത്തിരുന്നു. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒളിവിൽക്കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടാൻ എത്തിയത്. പോലീസിനെക്കണ്ട് ഇയാൾ കടലിൽച്ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. പോലീസ് പിൻവാങ്ങിയെന്ന് മനസ്സിലാക്കി കരയ്ക്കു കയറിയപ്പോഴാണ് മഫ്തിയിൽ എത്തിയ പോലീസുകാർ ഇയാളെ പിടികൂടിയത്. ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഒരുവിഭാഗം നാട്ടുകാർ സംഘടിച്ചെത്തി പോലീസിനെ തടഞ്ഞത്. തുടർന്ന് കൂടുതൽ പോലീസ് എത്തുന്നത് കണ്ട ചിലർ പോലീസിനെ കൈയേറ്റം ചെയ്ത് യോഹന്നാനെ രക്ഷപ്പെടുത്തി. പോലീസിനെ ആക്രമിച്ചവർക്കും രക്ഷപ്പെട്ടയാൾക്കുംവേണ്ടി കേസെടുത്ത് അന്വേഷണം നടക്കുന്നതായി കാഞ്ഞിരംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അജി ചന്ദ്രൻ നായർ പറഞ്ഞു.