വരാപ്പുഴ : കാണാനഴകുള്ള പൂക്കൊട്ടയും പേപ്പർ ഹോൾഡറുകളും സമ്മാനപ്പെട്ടികളുമൊക്കെ കുളവാഴകൊണ്ട് നിർമിച്ച് ഹരിതകർമ സേനാംഗങ്ങൾ. കോട്ടുവള്ളി പഞ്ചായത്തിലാണ് വനിതകളുടെ കരവിരുതിൽ മനോഹരവും ഉപയോഗപ്രദവുമായ വസ്തുക്കളായി കുളവാഴ രൂപംമാറുന്നത്. രണ്ടുമാസം മുമ്പുവരെ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ നിത്യജീവിതത്തിനുവരെ ശല്യമായിരുന്നു കുളവാഴപ്പായൽ. വേനൽ ആരംഭിച്ചിട്ടും പുഴകളിൽ ഉപ്പുരസംവരാൻ താമസിച്ചതോടെ പെരിയാറിന്റെ കൈവഴിപ്പുഴകളിൽ കുളവാഴപ്പായൽ നിറഞ്ഞത് പൊതുവിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതോടെയാണ് കുളവാഴ, ഉപയോഗപ്രദമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ഉണ്ടായത്. കോട്ടപ്പുറം കിഡ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണങ്ങൾ വിജയംകണ്ടതോടെ ഇത് പരമാവധി പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ മിഷനും സന്നദ്ധമാവുകയായിരുന്നു.
ഇതിനായി സബ്സിഡി ഉൾപ്പെടെ നൽകി ഈ രംഗത്ത് കൂടുതൽ വനിതകളെ സജീവമാക്കാനും തീരുമാനമുണ്ടായി. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കോട്ടപ്പുറം കിഡ്സ് ട്രെയിനിങ് സെന്ററിൽ നിന്ന് എത്തിയിട്ടുള്ളവരാണ് ഹരിതകർമ സേനയിലുള്ള 25 വനിതകൾക്ക് പരിശീലനം നൽകുന്നത്. കുളവാഴയുടെ ഉള്ളിലുള്ള പഴുപ്പ് നീക്കംചെയ്തതിന് ശേഷം ഉണക്കിയെടുത്താണ് വൈവിധ്യങ്ങളായ വസ്തുക്കൾ നിർമിച്ചിട്ടുള്ളത്. ബാഗുകൾ, പേഴ്സ്, സ്വർണപ്പെട്ടി, പേപ്പർ ഹോൾഡർ, പൂക്കൂടകൾ, മൊബൈൽ ഹോൾഡർ, ടേബിൾമാറ്റ്, പെൻസിൽപ്പെട്ടി, ബുക്ക് ബൈൻഡിങ്, ഫ്ളവറുകൾ എന്നിങ്ങനെ ഒട്ടേറെ വസ്തുക്കളാണ് കുളവാഴ ഉപയോഗിച്ച് നിർമിച്ചിട്ടുള്ളത്.
16 മുതൽ 20 സെന്റി മീറ്റർ വരെ നീളമുള്ള കുളവാഴകളാണ് അലങ്കാരവസ്തുക്കളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. നിറംകൊടുത്ത് കൂടുതൽ മനോഹരമാക്കിയാണ് കുളവാഴകൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിപണിയിൽ എത്തിക്കുന്നത്. ഇവ വെള്ളംനനയാതെ സൂക്ഷിക്കാനായാൽ ദീർഘകാലം ഉപയോഗിക്കാനാകും. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്താണ് ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. പരിശീലനത്തിനെത്തിയിട്ടുള്ള വനിതകൾക്ക് 300 രൂപ വീതം പ്രതിദിനം സ്റ്റൈപ്പൻഡും നൽകുന്നുണ്ട്. കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന തരത്തിൽ കുളവാഴപ്പായൽ ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കൾ നിർമിക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി പറഞ്ഞു.