ഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേർ ഡൽഹിയിൽ പിടിയിൽ. 10 കിലോയോളം വരുന്ന ഹെറോയിൻ ഇവരിൽ നിന്ന് കണ്ടെടുത്തു. രാജ്യാന്തര വിപണിയിൽ ഹെറോയിന് 40 കോടിയോളം വില വരുമെന്ന് പോലീസ് അറിയിച്ചു. കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നസീം എന്ന നസീർ, ദിനേശ് സിംഗ് എന്നിവരാണ് പ്രതികൾ. ചോദ്യം ചെയ്യലിൽ ഇവർ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തി. ഹെറോയിൻ മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തിയതാണെന്നും പോലീസ് അറിയിച്ചു.
സംഘത്തിലെ രണ്ട് അംഗങ്ങൾ ജാർഖണ്ഡിൽ നിന്ന് വൻതോതിൽ ഹെറോയിൻ ശേഖരിച്ചുവെന്നും, ഡൽഹി മീററ്റ് എക്‌സ്‌പ്രസ് വേയിൽ എത്തുമെന്നും സ്പെഷ്യൽ സെല്ലിന് വിവരം ലഭിച്ചിരുന്നു. ഇതിൻ പ്രകാരമാണ് പരിശോധന നടന്നത്. അന്വേഷണത്തിൽ ജാർഖണ്ഡിലെ നക്‌സലൈറ്റ് ബാധിത പ്രദേശങ്ങളിലും മണിപ്പൂരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലും അനധികൃതമായി കൃഷി ചെയ്യുന്ന കറുപ്പിൽ നിന്നാണ് ഹെറോയിൻ നിർമ്മിക്കുന്നതെന്ന് കണ്ടെത്തി. ജാർഖണ്ഡ് ആസ്ഥാനമായുള്ള മയക്കുമരുന്ന് നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും ഹെറോയിൻ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.