തിരുവനന്തപുരം : രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി. കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്‌ഷൻ 5– 6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് 3 കോടി. ഇതിനെ അടിസ്ഥാനമാക്കിയാൽ, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതർ പറയുന്നു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതിൽ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവീസ് മുടങ്ങി. സർവീസുകൾ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. പണിമുടക്കിനോട് എതിർപ്പുള്ള യൂണിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. സമരത്തിനു സർക്കാർ അനുകൂലമായതിനാല്‍ കോർപറേഷൻ അധികൃതരും സർവീസ് നടത്താൻ നടപടികൾ സ്വീകരിച്ചില്ല.
18,145 സ്ഥിരജീവനക്കാരും 612 താൽക്കാലിക ജീവനക്കാരുമാണ് കെഎസ്ആർടിസിക്കുള്ളത്. ഇന്നലെ 2,391 സ്ഥിരജീവനക്കാരും 134 താൽക്കാലിക ജീവനക്കാരും ജോലിക്കെത്തി. ആകെ ജീവനക്കാരുടെ 13.46%. 428 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകി. ആകെയുള്ള 3,966 ഷെഡ്യൂളിൽ 52 ഷെഡ്യൂളുകൾ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. ആകെ ഷെഡ്യൂളിന്റെ 1.31%. കോവിഡ് പടർന്നതോടെ കൂടുതൽ പ്രതിസന്ധിയിലായ സ്ഥാപനം സർക്കാരിന്റെ ധനസഹായത്താലാണ് പിടിച്ചുനിൽക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പാ ഇനത്തിൽ 3,472 കോടിരൂപയും, സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച വായ്പാ ഇനത്തിൽ 8,328 കോടിരൂപയും സ്ഥാപനത്തിന്റെ ബാധ്യതയാണ്.
ഇതിൽനിന്നും 2013–14 വരെയുള്ള കാലയളവിലെ 1,090 കോടിരൂപ സർക്കാരിന്റെ കെഎസ്ആർടിസിയിലെ മൂലധന നിക്ഷേപമാക്കി മാറ്റുന്നതിനു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കൺസോർഷ്യം വായ്പയുടെ തിരിച്ചടവിനായി 360 കോടിരൂപയും കെടിഡിഎഫ്സി ലോൺ തിരിച്ചടവിനായി 46 കോടിരൂപയും സർക്കാർ വായ്പയായി അനുവദിച്ചു. ഓഡിറ്റ് പൂർത്തിയായ 2015–16 സാമ്പത്തിക വർഷംവരെ കെഎസ്ആർടിസിയുടെ കടബാധ്യത 6,048 കോടിരൂപയാണ്.