അബുദാബി : കോയമ്പത്തൂരിൽ വർഷാവസാനം ഹൈപ്പർ മാർക്കറ്റ് തുറക്കുന്നത് ഉൾപ്പെടെ ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടിൽ 3500 കോടി രൂപ നിക്ഷേപിക്കും. സേലം, മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കും. യുഎഇയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ചർച്ചയിലാണു ധാരണയായത്. ഷോപ്പിങ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പും തമിഴ്നാട് സർക്കാരും ഒപ്പുവച്ചു.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് നിക്ഷേപകർക്ക് നൽകുന്നതെന്നു യൂസഫലി പറഞ്ഞു. കയറ്റുമതിക്കായി കാർഷികോൽപന്നങ്ങൾ സംഭരിക്കാനും സംസ്കരിക്കാനും ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കുമെന്നും പറഞ്ഞു. ലുലു ഗ്രൂപ്പ് ഉന്നതതല സംഘം വൈകാതെ തമിഴ്നാട് സന്ദർശിക്കും. ഇന്ത്യയിൽ ലുലുവിന് കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലായി 3 ഷോപ്പിങ് മാളുകൾ ഉണ്ട്. നാലാമത്തെ മാൾ മേയ് അവസാനത്തോടെ ഉത്തർപ്രദേശിലെ ലക്നൗവിൽ തുറക്കും.