വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ 90 ശതമാനവും സുഖപ്പെടുന്ന ഒന്നാണ്. അര്‍ബുദം ആരംഭിക്കുന്ന സ്ഥലം അനുസരിച്ച് മലാശയ അര്‍ബുദം എന്നും വന്‍കുടലിലെ അര്‍ബുദം എന്നും ഇതിനെ വിളിക്കുന്നു. സുഖപ്പെടുത്താവുന്ന രോഗം ആണിതെങ്കിലും സമയത്ത് രോഗം കണ്ടെത്തിയില്ലെങ്കില്‍ മാരകമായേക്കാം. രോഗം വ്യാപിക്കുന്നതനുസരിച്ച് സുഖപ്പെടാനുള്ള സാധ്യതയും കുറയുന്നു. കുടലിലെ അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. പലപ്പോഴും ഈ ലക്ഷണങ്ങളെ നാം അവഗണിക്കാറാണ് പതിവ്.
കുടലിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ചിലത് മലവിസര്‍ജനത്തിന്റെ ശീലങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാന്‍ സാധിക്കും.
1. ഇടയ്ക്കിടെ കക്കൂസില്‍ പോകേണ്ടി വരുക
2. തുടര്‍ച്ചയായി വരുന്ന വയറിളക്കം
3. ഭക്ഷണം കഴിച്ചയുടന്‍ വയറുവേദന
4. ഭക്ഷണശേഷം വയറു വീര്‍ക്കുക
5. മലത്തില്‍ രക്തം കാണപ്പെടുക
ഇവയെല്ലാം പലപ്പോഴും നമ്മള്‍ ഗൗരവമായി എടുക്കാത്ത ലക്ഷണങ്ങളാണ്.
കുടലിലെ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ ഇവയാണ്. ഈ ലക്ഷണങ്ങള്‍ അര്‍ബുദത്തിന്റെ സൂചനയാണെന്ന് പലപ്പോഴും നമ്മള്‍ വിചാരിക്കുകയേയില്ല.
1. ശരീരഭാരം കുറയുക
2. ക്ഷീണം
3. വിളര്‍ച്ച
4. മൂത്രത്തില്‍ രക്തം
5. മൂത്രത്തിന്റെ നിറം ഇരുണ്ടതും കടും തവിട്ടും ആകുക.
6. മലാശയത്തിലോ മലദ്വാരത്തിലോ മുഴ
7. കോച്ചിവലിക്കുന്ന വേദന
ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ആഴ്ചയില്‍ മൂന്നിലധികം തവണ പ്രത്യക്ഷപ്പെട്ടാല്‍ വൈദ്യസഹായം തേടണം.
കാരണങ്ങള്‍
വന്‍കുടലിലെ അര്‍ബുദം വരാന്‍ പല കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇവയാണ്.
1. പുകവലി
2. വ്യായാമമില്ലായ്മ
3.കടുത്ത മദ്യപാനം
4. പ്രോസസ് ചെയ്ത ഇറച്ചി കൂടുതലടങ്ങിയ ഭക്ഷണം
5. ക്രോണ്‍സ് രോഗം
6. കുടുംബ ചരിത്രം
7. പാരമ്പര്യ ഘടകങ്ങള്‍
ചികിത്സ
രോഗം കണ്ടെത്തുന്ന ഘട്ടം അനുസരിച്ച് ചികിത്സയ്ക്കും വിവിധ ഘട്ടങ്ങളുണ്ട്. കീമോതെറാപ്പി, റേഡിയോതെറാപ്പി, ശസ്ത്രക്രിയ ഇവയാണ് ചികിത്സയുടെ മൂന്ന് ഘട്ടങ്ങള്‍. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ഇതിലേതെങ്കിലും ചികിത്സ നടത്തും. പ്രോസ്റ്റേറ്റ് കാന്‍സറിനെപ്പോലെ ചില ആളുകളില്‍ ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകില്ല. പലപ്പോഴും അവസാനഘട്ടങ്ങളിലെത്തുമ്പോഴായിരിക്കും. രോഗനിര്‍ണയം നടത്തുക. അതുകൊണ്ടുതന്നെ അര്‍ബുദത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഉള്ളവര്‍ ഇടയ്ക്ക് വൈദ്യപരിശോധന നടത്തുന്നത് ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനും പൂര്‍ണമായും രോഗം സുഖപ്പെടുത്താനും സഹായിക്കും.