ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ – പാക് അതിർത്തിയിൽ അതിർത്തിരക്ഷസേന ഡ്രോൺ വെടിവെച്ചിട്ടു. വെള്ളിയാഴ്ച രാത്രി 11.10നാണ് ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ അതിർത്തിക്കു സമീപം സേനയുടെ കണ്ണിൽപെട്ടത്.
അതിർത്തിയിൽനിന്ന് 300 മീറ്റർ അടുത്തും അതിർത്തിവേലിക്ക് 150 മീറ്റർ അകലത്തിലുമാണ് ഡ്രോൺ കണ്ടത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോണിന് 23 കിലോ ഭാരമുണ്ട്. 10 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ളതാണിത്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഡ്രോൺ പരിശോധന ആരംഭിച്ചു. എന്തെങ്കിലും വസ്തുക്കൾ ഡ്രോൺ വഴി നിക്ഷേപിച്ചിരുന്നോ എന്നത് കണ്ടെത്താൻ സൈനികർ തിരച്ചിൽ ആരംഭിച്ചതായി ബി.എസ്.എഫ് അറിയിച്ചു. പാകിസ്താൻ ഡ്രോൺ ഉപയോഗിച്ച് ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതിനെതിരെ സൈന്യം ജാഗ്രതയിലാണ്. മുമ്പ് ഇത്തരത്തിൽ രണ്ടു പാക് ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും കടത്താൻ ഉപയോഗിച്ചിരുന്നതാണിത്. അന്നും പഞ്ചാബ് അതിർത്തി മേഖലയിൽതന്നെയായിരുന്നു സംഭവം. ഈ വർഷം മാത്രം അതിർത്തി മേഖലയിൽ 67 തവണ ഡ്രോണിന്റെ സഞ്ചാരം സൈന്യത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നതായി സൈനിക വക്താവ് പറഞ്ഞു.