മൂലമറ്റം : ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂലമറ്റം ഹൈസ്കൂൾ കവലയിൽ വെടിയേറ്റു മരിച്ച ബസ് കണ്ടക്ടർ സനൽ ബാബുവും(32) ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന പ്രദീപ്കുമാറും(30) പ്രതി ഫിലിപ്പിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവരല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. നിരപരാധികളായ ഇവർ തോക്കിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് ക്യാമറാ ദൃശ്യങ്ങൾ പറയുന്നതെന്ന് ഡിവൈ.എസ്.പി. എ.ജി. ലാൽ പറഞ്ഞു. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളുടെ പരിശോധനയിലൊന്നും ഇരുവരെയും കണ്ടെത്താനായില്ല. ഫിലിപ്പിനെ ആക്രമിച്ച സംഘത്തിൽപ്പെട്ടവരുൾപ്പടെ 27 പേരുടെ ദൃക്സാക്ഷി മൊഴികളും എടുത്തിരുന്നു. ഇവരിൽ ആരും സനലും പ്രദീപും സംഘത്തിലുൾപ്പെട്ടതായി പറഞ്ഞിട്ടില്ല. സ്കൂട്ടറിലെത്തിയ സനലും പ്രദീപും അക്രമ സംഘത്തിലുൾപ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച് ഫിലിപ്പ് നിറയൊഴിച്ചതാകാമെന്നാണ് വ്യക്തമാകുന്നതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യംചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത വരൂവെന്നും ഡിവൈഎസ്.പി. വെളിപ്പെടുത്തി. അടുത്തദിവസംതന്നെ കസ്റ്റഡിയിൽ കിട്ടിയേക്കും. മൂലമറ്റം എ.കെ.ജി. കോളനി റോഡുമുതൽ അശോകക്കവലവരെയുള്ള വിവിധ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുമ്പിലുള്ള 30 സി.സി. ക്യാമറകളാണ് പരിശോധിച്ചത്. റോഡിനിരുവശമുള്ള ക്യാമറകളും ഇതിലുണ്ട്. അവയിലൊന്നിൽപ്പോലും സനലിനെയോ പ്രദീപിനെയോ കാണുന്നില്ല. എ.കെ.ജി. കോളനി റോഡിൽനിന്നും വളവുതിരിഞ്ഞുവന്ന വാഹനം കണ്ടയുടൻ അക്രമികളാണെന്ന് കരുതി വെടിവെച്ചിരിക്കാമെന്നാണ് കരുതുന്നതെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഫിലിപ്പിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന അമ്മ ലിസിയുടെ പരാതി ലഭിച്ചതായി ഇദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുടെ അഭിപ്രായം ലഭിച്ചശേഷമേ കേസെടുക്കുകയുള്ളുവെന്നും പറഞ്ഞു.
പതിവായി വേട്ടയ്ക്ക് പോകുന്നയാളാണ് ഫിലിപ്പ്. ഒറ്റക്കയ്യിൽ ഉന്നംപിടിക്കാൻ കഴിയുന്ന ഷാർപ്പ് ഷൂട്ടറുമാണ്. ഇയാൾ ഉപയോഗിച്ച തോക്ക് കരിങ്കുന്നത്തുള്ള ശശിയെന്ന ഇരുമ്പുപണിക്കാരൻ നിർമിച്ചുനൽകിയതാണ്. 2014-ലാണ് ഇതുവാങ്ങിയത്. ശശി ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇയാളുടെ കുടുംബാംഗങ്ങൾ ഫിലിപ്പിന്റെ ഫോട്ടോ തിരിച്ചറിഞ്ഞില്ല.