മൈസൂരു : ഭക്ഷണം ഉണ്ടാക്കാത്തതിന് മകൻ അമ്മയെ അടിച്ചുകൊന്നു. ബിലിക്കെരെനിവാസി മഹാദേവസ്വാമിയുടെ ഭാര്യ ജയമ്മ(54)യാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് മകൻ ഹരീഷ് അറസ്റ്റിലായി. ഹുൻസൂർ താലൂക്കിലെ ബിലിക്കെരെയിലാണ് സംഭവം. മദ്യത്തിന് അടിമയായ ജയമ്മ പകൽ മദ്യപിച്ചതിനെത്തുടർന്ന് ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഹരീഷ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാൻ വീട്ടിലെത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കാത്തതുകണ്ട് ദേഷ്യപ്പെട്ട ഹരീഷ് ജയമ്മയെ ശക്തിയായി അടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അടിയേറ്റു മറിഞ്ഞുവീണ ജയമ്മ ഉടൻ മരിച്ചു. സഹോദരൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തിയെന്ന ജയമ്മയുടെ മകളുടെ പരാതിയിലാണ് ബിലിക്കെരെ പോലീസ് ഹരീഷിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.