ചെന്നൈ : ദുബായ് സന്ദർശനവേളയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുൾ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേൽ ത്യാഗരാജനിൽനിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിൻ ധരിച്ചത് ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം. സംഭവത്തിൽ കേസെടുത്ത പോലീസ് പിന്നീട് എടപ്പാടിയിൽനിന്ന് അരുൾ പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയതിന് ജനുവരിയിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വിനോജ് പി. സെൽവത്തിന്റെ പേരിൽ കേസെടുത്തിരുന്നു.
ഡി.എം.കെ. അധികാരത്തിലെത്തിയതിനുശേഷം തമിഴ്നാട്ടിൽ നൂറിലേറെ ക്ഷേത്രങ്ങൾ തകർത്തുവെന്ന് പ്രചരിപ്പിച്ചതിനെത്തുടർന്നാണ് വിനോജിന്റെ പേരിൽ കേസെടുത്തത്. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് തമിഴ്നാട് പോലീസിന്റെ മുന്നറിയിപ്പുണ്ട്. ഇതിനായി പ്രത്യേക സെൽ രൂപവത്കരിക്കാൻ ഒരുങ്ങുകയാണ്.