ശ്രീനഗർ : ശ്രീനഗറിലെ റെയ്‌നാവാരി മേഖലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും മാധ്യമ ഐഡന്‍റിറ്റി കാര്‍ഡുകള്‍ കണ്ടെടുത്തു. കശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറില്‍ അംഗങ്ങളാണ് കൊലപ്പെടുത്തിയ ഭീകരര്‍. ഇതില്‍ ഒരാൾക്ക് മീഡിയ ഐഡന്റിറ്റി കാർഡ് ഉണ്ടായിരുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ ശ്രീനഗറിലെ റെയ്‌നാവാരി മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്‌കർ-ഇ-തൊയ്ബഭീകരർ കൊല്ലപ്പെട്ടത്. ഈ രണ്ട് ഭീകരരും സിവിലിയന്മാരെ കൊലപ്പെടുത്തിയത് അടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് എന്നാണ് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പറയുന്നത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ശ്രീനഗറിലെ റയ്‌നാവാരിയിൽ സംശയം തോന്നിയ ഭീകരരെ തടയാൻ ശ്രമിച്ചതോടെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ നടന്നത്. ഇതിലൊരാൾ മധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന തിരിച്ചറിയൽ രേഖയുമായി ശ്രീനഗറിൽ പ്രവർത്തിക്കുകയായിരുന്നു. വാലീ ന്യൂസ് സർവ്വീസ് എന്ന പ്രാദേശിക മാധ്യമത്തിന്‍റെ തിരിച്ചറിയൽ രേഖയിൽ എഡിറ്റർ ഇൻ ചീഫ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.