ഹൈദരാബാദ് : ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 85-കാരൻ ബാങ്ക് ലോക്കർ മുറിയിൽ കുടുങ്ങിക്കിടന്നത് 18 മണിക്കൂർ. ഹൈദരാബാദിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ലോക്കർ മുറിയിൽ കുടുങ്ങിയ വി. കൃഷ്ണ റെഡ്ഡി 18 മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെത്തിയത്. സംഭവം ഇങ്ങനെ ഹൈദരാബാദ് ജൂബിലി ഹിൽസിൽ താമസിക്കുന്ന കൃഷ്ണ റെഡ്ഡി ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ എടുക്കാനാണ് തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ ബഞ്ചാര ഹിൽസിലെ ബാങ്കിലെത്തിയത്. പരിശോധനകൾക്ക് ശേഷം അദ്ദേഹം ലോക്കറുകളുള്ള മുറിയിലേക്ക് കടന്നു. എന്നാൽ ബാങ്ക് അടക്കാനുള്ള സമയമായെന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ മുറിക്കുള്ളിൽ ആൾ ഉണ്ടെന്ന് അറിയാതെ പുറത്ത് നിന്ന് പൂട്ടി പോവുകയായിരുന്നു.
റെഡ്ഡിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കൃഷ്ണ റെഡ്ഡി ബാങ്കിലേക്ക് പോകുന്നത് സിസിടിവി പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്ത് കയറിയ റെഡ്ഡി തിരികെ പോയതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ലോക്കർ മുറി തുറന്നപ്പോൾ അതിനകത്ത് തളർന്ന് കിടക്കുന്ന രീതിയിൽ റെഡ്ഡിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ബാങ്ക് തുറന്ന് കൃഷ്ണ റെഡ്ഡിയെ പുറത്തെത്തിച്ചത്. ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിക്കുള്ളിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ പെട്ടെന്ന് തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹം മൊബൈൽ ഫോൺ എടുത്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.