തിരുവനന്തപുരം : സംസ്ഥാനത്ത് കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. കാർഷികോത്പന്നങ്ങളിൽ നിന്ന് ലഹരി കുറഞ്ഞ മദ്യവും വൈനുമാണ് ഉത്പാദിപ്പിക്കുക. കപ്പയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്ന പരീക്ഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
ഇത്തരം പദ്ധതികൾ കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തിലും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാന്‍ ഉദേശിക്കുന്നില്ല, എന്നാൽ കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് തീരുമാനം, ഇവിടെ വീര്യം കുറഞ്ഞ മദ്യം എത്തിക്കുമെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വലിയ ക്യൂ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലും, ലഭ്യത കുറവുള്ള ഇടങ്ങളിലും മാത്രം ആധുനിക മദ്യഷോപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനം. ആളുകള്‍ക്ക് ആവശ്യമുള്ളത് അകത്തേക്ക് കയറി വാങ്ങി പോകാനുള്ള സൗകര്യമുള്ള പ്രീമിയം സംവിധാനമാണ് ഉദേശിക്കുന്നത്. അവിടെ എല്ലാ വിലയിലുമുള്ള മദ്യവും വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.